വെട്ടത്തൂര്‍: മണ്ണാര്‍മല പച്ചീരിയില്‍ പുതുതായി തുടങ്ങുന്ന രണ്ട് കരിങ്കല്‍ ക്വാറികള്‍ക്കെതിരേ പ്രദേശവാസികളുടെ പങ്കാളിത്തത്തില്‍ ജനകീയ സമരം. 2018 ല്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് ക്വാറികള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരേയാണ് പ്രതിഷേധം. സമീപത്ത് ശ്മശാനവും കളിസ്ഥലവും മലയുടെ താഴ്വാരത്തായി നിരവധി വീടുകളുമുണ്ട്. ക്വാറി വരുന്നതറിഞ്ഞതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്.
പ്രദേശത്ത് നിലവില്‍ ഒരു കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ താഴ്വാരത്തുള്ള നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുന്നത്. സമരകൂട്ടായ്മ ജാഫര്‍ കക്കൂത്ത് ഉദ്ഘാടനം ചെയ്തു, പി. അനീഷ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ ഖദീജ മുസ്തഫ, ഫര്‍സാന, ബവീഷ്, അനില്‍, ഫിറോസ് എന്നിവര്‍ പ്രസംഗിച്ചു. ക്വാറി തുടങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് നീക്കം.